ന്യൂഡൽഹി: കൊവിഡ് -19നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ സഹായിക്കുന്നതിനായി യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) 3.6 മില്യൺ ഡോളർ സഹായം നൽകി. മോളിക്യുലർ ഡയഗ്നോസ്റ്റിക്സ്, സിറോളജി എന്നിവയുൾപ്പെടെയുള്ള 'സാർസ്-കൊവിഡ്-2', പരിശോധനയ്ക്കുള്ള ലബോറട്ടറി ശേഷി വർധിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് ധനസഹായമെന്ന് യുഎസ് സർക്കാർ പറഞ്ഞു. കൊവിഡ് -19 കേസുകൾ കണ്ടെത്തുന്നതിനും മെച്ചപ്പെട്ട നിരീക്ഷണത്തിലൂടെ പ്രാദേശിക ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ആശുപത്രി ശൃംഖലകളുടെ കഴിവ് മെച്ചപ്പെടുത്താനും അണുബാധ തടയൽ നിയന്ത്രണ (ഐപിസി) കേന്ദ്രങ്ങളുടെ വികസനത്തിനും ഈ ഫണ്ടുകൾ സഹായിക്കും. പകർച്ചവ്യാധിയോട് മാത്രമല്ല ഭാവിയിലെ ഭീഷണികളോടും പ്രതികരിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ പിന്തുണയ്ക്കുന്നതിനായി ശക്തമായ പൊതുജനാരോഗ്യ സേനയെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിന് പ്രാദേശിക പങ്കാളികളുമായി പ്രവർത്തിക്കുമെന്നും സിഡിസി പറയുന്നു. ആരോഗ്യ അടിയന്തിര പ്രവർത്തന കേന്ദ്രങ്ങളുടെ ആസൂത്രണവും ഇതിൽ ഉൾപ്പെടും.
സർക്കാരിന്‍റെ പ്രതിസന്ധി ഘട്ടങ്ങളിലും റിസ്ക് കമ്മ്യൂണിക്കേഷൻ ശ്രമങ്ങൾക്കും സിഡിസി ഇന്ത്യക്ക് സഹായം നൽകുമെന്ന് അറിയിച്ചു. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്‍റ് (യുഎസ്‌ഐഐഡി), രോഗ-നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവയുൾപ്പെടെയുള്ള യുഎസ് സർക്കാർ ഏജൻസികൾ 1.4 ബില്യൺ ഡോളറിലധികം ആരോഗ്യ സഹായം നൽകി. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയ്ക്ക് 2.8 ബില്യൺ സഹായം യുഎസ് നൽകിയിട്ടുണ്ട്.