ചണ്ഡീഗഡ്: അമേരിക്കയിലെ തീവ്രവാദ സംഘടനയ്ക്ക് പണം സ്വരൂപിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അൽ ഖ്വയ്‌ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ ഇന്ത്യയിലേക്ക് നാടുകടത്തി. രണ്ട് ദിവസം മുമ്പാണ് 167 പേരോടൊപ്പം ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് 19നാണ് പഞ്ചാബിലെ അമൃത്‌സറിലേക്കാണ് സ്പെഷ്യൽ വിമാനത്തിൽ ഇവരെ കൊണ്ടുവന്നതെന്നും ഇയാൾ അമൃത്‌സറിൽ ക്വാറന്‍റൈനിലാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തീവ്രവാദത്തിന് ധനസഹായം നടത്തിയതിനെ തുടർന്ന് ഹൈദരാബാദിൽ എഞ്ചിനീയറായ സുബൈറിനെ 2011ലാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇറാഖിലെ യുഎസ് സൈനിക ഉദ്യോഗസ്ഥർക്കെതിരായ അക്രമാസക്തമായ ജിഹാദിനെ പിന്തുണയ്ക്കുന്നതിനായി തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കുറ്റമാണി സുബൈറിനെതിരെ ആരോപിക്കപ്പെട്ടതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.