ഹൈദരാബാദ്: അൽ-ഖ്വയ്ദ തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകിയതിന് യുഎസിൽ ശിക്ഷിക്കുകയും കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തയാളെ ഹൈദരാബാദിലെത്തിച്ചു. ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയ മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (40) സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന്‍റെ പരിധിയിലുള്ള സ്വഭവനത്തിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു.
മെയ് 19 ന് സുബൈർ ഉൾപ്പെടെ 168 നാടുകടത്തപ്പെട്ടവരുമായി യുഎസിൽ നിന്ന് ഒരു പ്രത്യേക വിമാനം അമൃത്സറിൽ എത്തിയിരുന്നു. ഇവരെ അമൃത്സറിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചൊവ്വാഴ്ച നാഗ്പൂരിലേക്ക് എത്തിക്കുകയും ചെയ്തു. ഇയാൾക്കെതിരെ ഇന്ത്യയിൽ ക്രിമിനൽ കേസുകളൊന്നും നിലവിലില്ലാത്തതിനാൽ നിലവിൽ അന്വേഷണം നടത്തിയിട്ടില്ല. 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം സൈബരാബാദ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുമോ എന്ന് വ്യക്തമല്ല.
തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകിയെന്ന് ആരോപിച്ച് സുബൈറിനും സഹോദരനും 2011ലാണ് യുഎസിൽ അറസ്റ്റിലാകുന്നത്. 2011ൽ യെമനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവ് അൻവർ അൽ അവ്ലാകിക്ക് വേണ്ടി പണം സ്വരൂപിച്ചതിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.