ന്യൂഡൽഹി: 1997 ലെ ഉപഹാർ സിനിമാ അഗ്നി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് .എ ബോബ്ഡെ ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ സമർപ്പിച്ച ഹർജിയുടെ സാധുത പരിശോധിക്കുകയും കോടതി നടപടികൾ കഴിഞ്ഞതിനാലുമാണ് ഹർജി തള്ളിയതെന്നും ഉത്തരവിൽ പറയുന്നു.
സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ഗോപാൽ അൻസലിന് 2018 ഫെബ്രുവരി 9ന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂത്ത സഹോദരൻ സുശീൽ അൻസലിന് വാർദ്ധക്യവും അനാരോഗ്യവും കാരണം ജയിൽ ശിക്ഷ ഒഴിവാക്കാൻ ഉത്തരവിടുകയുമായിരുന്നു. ദക്ഷിണ ഡൽഹിയിലെ ഗ്രീൻ പാർക്ക് പ്രദേശത്തെ ഉപഹാർ സിനിമയിൽ 1997 ജൂൺ 13ന് ഹിന്ദി ചലച്ചിത്രമായ 'ബോർഡർ' പ്രദർശിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ 59 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കേസ്.