ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 3570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 77,334 ആയി ഉയര്‍ന്നു. 33 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണനിരക്ക് 1530 ആയി. 29997 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. 45,087 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയെന്ന് ആരോഗ്യമേഖല അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.
24 മണിക്കൂറിനിടെ മരിച്ചവരില്‍ ലക്‌നൗവില്‍ നിന്നും കാണ്‍പൂരില്‍ നിന്നും 5 പേരും, ത്സാന്‍സിയില്‍ നിന്നും 3 പേരും, ബസ്‌തിയില്‍ നിന്ന് 2 പേരും, ഗൗതം ബുദ്ധ നഗര്‍, ബറേലി, ഗൊരഖ്‌പൂര്‍, ഹാപൂര്‍, അയോധ്യ, സഹരന്‍പൂര്‍, ഷഹജാന്‍പൂര്‍, മുസാഫര്‍ നഗര്‍, സിദ്ധാര്‍ഥ് നഗര്‍, കന്നൗജ്, ബിജ്‌നോര്‍, എത്തവാ, റായ് ബറേലി, ഷംലി, പ്രതാപ്‌നഗര്‍, ഹാമിര്‍പൂര്‍, അംബേദ്‌കര്‍ നഗര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു. കാണ്‍പൂരില്‍ ഇതുവരെ 187 പേരാണ് മരിച്ചത്. മീററ്റില്‍ 105 പേരും ആഗ്രയില്‍ നിന്ന് 99 പേരും ഇതുവരെ മരിച്ചു. ചൊവ്വാഴ്‌ച 87754 സാമ്പിളുകള്‍ പരിശോധിച്ചു.
ഇതുവരെ 21 ലക്ഷത്തിലധികം സാമ്പിളുകളാണ് യുപിയില്‍ പരിശോധിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 70.49 ശതമാനം പുരുഷന്‍മാരും 29.51 ശതമാനം സ്‌ത്രീകളുമാണ്. 14.61 ശതമാനം 20 വയസില്‍ താഴെയുള്ളവരാണ്. 8.17 ശതമാനം 60 വയസിന് മുകളിലുള്ളവരും. 1.82 കോടി വീടുകളില്‍ താമസിക്കുന്ന 7.22 കോടി ആളുകളില്‍ ഇതുവരെ സര്‍വെ പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ പറയുന്നു.