ലഖ്നൗ: വ്യാജ ബോംബ് ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഒരു യാത്രക്കാരനെ എയർപ്പോർട്ട് അതോറിറ്റി ചോദ്യം ചെയ്തു. ലഖ്നൗ വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തിൽ പീയുഷ് വർമ്മ എന്നയാളെ ചോദ്യം ചെയ്തു. 7.25ന് ചെന്നൈയിലേക്ക് പുറപ്പടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ബോംബുള്ളതായി പീയുഷ് വർമ്മ പറഞ്ഞത്.
ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വർമ്മ. വിമാനത്താവളത്തിൽ ഒരു യാത്രക്കാരനോട് എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് വർമ്മ ചോദിച്ചു. ചെന്നൈയിലേക്കാണ് പോകുന്നതെന്ന് യാത്രക്കാരൻ മറുപടി നൽകിയപ്പോൾ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ് വർമ്മ ബഹളം വെക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതേ തുടർന്ന വർമ്മയെ ചോദ്യം ചെയ്തെങ്കിലും ഇയാൾ അധികൃതരുമായി സഹകരിച്ചില്ല.
തുടർന്ന് വിമാനം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ല. വിശദമായ തിരച്ചിൽ നടത്തിയതിന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സംഭവത്തിൽ വർമ്മയ്ക്കെതിരെ നടപടിയെടുക്കണമെന്ന് എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.