ജയ്‌പൂര്‍: ഭിന്നശേഷിക്കാരനായ മകനേയും കൂട്ടി നാട്ടിലെത്താന്‍ മോഷ്ടിച്ച സൈക്കിളുമായി അതിഥി തൊഴിലാളി സഞ്ചരിച്ചത് 260 കിലോമീറ്റര്‍. രാജസ്ഥാനിലെ ഭരത്‌പൂരില്‍ നിന്ന് യുപിയിലെ ബറേലിയിലുള്ള വീട്ടിലെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതോടെയാണ് മോഷണം. ചെയ്‌ത തെറ്റിന്‍റെ കുറ്റബോധത്തില്‍ മാപ്പെഴുതി വച്ചാണ് അതിഥി തൊഴിലാളി നാട്ടിലേക്ക് മടങ്ങിയത്.
'ഞാന്‍ നിങ്ങളുടെ സൈക്കിള്‍ എടുക്കുന്നു. എനിക്ക് ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. നടക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരനായ മകനു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്. ഞങ്ങള്‍ക്ക് ബറേലിയിലേക്ക് മടങ്ങണം'- എന്നായിരുന്നു യുപി സ്വദേശിയായ ഇഖ്‌ബാലിന്‍റെ കുറിപ്പ്. രാവിലെ കുറിപ്പ് കണ്ട സൈക്കിള്‍ ഉടമ സാഹബ് സിംഗ് പൊലീസില്‍ പരാതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട് പലയിടങ്ങളിലായി കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ദുരിതത്തിലാണ്. കാല്‍നടയായി പോലും ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഇതിനിടെയാണ് രാജ്യത്തെ അതിഥി തൊഴിലാളികളുടെ നിസഹായത വ്യക്തമാക്കുന്ന ഈ സംഭവം.