ലക്‌നൗ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചതായി ഉത്തർപ്രദേശ് സർക്കാർ. ഇതിലൂടെ കൊവിഡ് രോഗികളല്ലാത്തവർക്ക് വീടുകളിൽ പരിശോധന ലഭ്യമാക്കും. സേവനങ്ങൾക്ക് തയ്യാറാകുന്ന ഡോക്‌ടർമാരുടെ ഫോൺ നമ്പറുകൾ പത്രങ്ങളിൽ പരസ്യപ്പെടുത്തണമെന്നും, അടിയന്തര ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടപടിയെടുക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
സംസ്ഥാനത്തെ 75 ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ 23,000 കിടക്കകൾ ലഭ്യമാക്കുകയും, 2,481 ഡോക്‌ടർമാരെ നിയമിക്കുകയും ചെയ്‌തു. 660 സ്വകാര്യ ആശുപത്രികളിൽ ഒരു ലക്ഷത്തിലധികം കിടക്കകളും, കൊവിഡ് രോഗികൾക്കായി 41,00 ഐസൊലേഷൻ കിടക്കകളും ലഭ്യമാക്കി. ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.