ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി എംപി അസം ഖാന്‍റെയും കുടുംബത്തിന്‍റെയും അറസ്റ്റിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തന്‍റെ സര്‍ക്കാര്‍ ഏത് രൂപത്തിലുള്ള അഴുക്കിനെയും നീക്കം ചെയ്യുമെന്നാണ് യോഗി ആദിത്യ നാഥ് പ്രതികരിച്ചത്. വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അസം ഖാനും കുടുംബവും രാംപൂര്‍ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
"വൈറസുകൾ അഴുക്കുചാലിലാണ് വളരുന്നത്. ഇത്തരത്തിലുള്ള അഴുക്കുകൾ വൃത്തിയാക്കാനുള്ള പ്രചാരണ പരിപാടികൾ സര്‍ക്കാര്‍ നടത്തുന്നുണ്ട്"- അസം ഖാന്‍റെ അറസ്റ്റിനെക്കുറിച്ചും അഴിമതിക്കാരായ നേതാക്കളെ ശിക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെക്കുറിച്ചും പരാമർശിച്ച് കൊണ്ട് യോഗി ആദിത്യ നാഥ് പറഞ്ഞു. എംപി അസം ഖാൻ, ഭാര്യ തൻസീൻ, മകൻ അബ്ദുല്ല അസം എന്നിവരെ ജനന സർട്ടിഫിക്കറ്റിൽ കൃതൃമത്വം കാണിച്ചെന്ന കേസിലാണ് അറസ്റ്റിലായത്. ഇവരെ പടിഞ്ഞാറൻ യുപിയിലെ രാംപൂർ കോടതി മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.