ഭോപാല്‍: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊന്ന കേസിലെ മുഖ്യസൂത്രധാരന്‍ വികാസ് ദുബെ പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കലാപം തുടങ്ങി 60ഓളം കേസുകളാണ് വികാസ് ദുബെയുടെ പേരിലുള്ളത്. വികാസ് ദുബെയെ പിടികൂടുന്നതിനുള്ള പാരിതോഷികം 5 ലക്ഷം രൂപയായി യുപി പൊലീസ് ഉയർത്തിയിരുന്നു.
ഈ മാസം മൂന്നിന് ദുബെയെ പിടിക്കുന്നതിനായി പൊലീസ് സംഘം കാൺപൂരിലെ ഗ്രാമത്തിലെത്തിയപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് തടസപ്പെടുത്തി. ഇതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ പൊലീസ് സംഘത്തിന് നേർക്ക് കെട്ടിടത്തിന് മുകളിൽ ഒളിച്ചിരിക്കുകയായിരുന്ന ദുബെയും സംഘവും വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ പൊലീസ് സംഘത്തിലെ ഡിഎസ്പി ദേവേന്ദ്രകുമാർ മിശ്ര അടക്കം എട്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
വികാസ് ദുബെയുടെ അനുയായികളായ കുറ്റവാളികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അമര്‍ ദുബെ, പ്രഭാത് മിശ്ര, ബഹുവ ദുബെ എന്നിവരെയാണ് വെടിവെച്ചു കൊന്നത്. നാൽപതോളം പൊലീസ് സംഘവും എസ്ടിഎഫും വികാസ് ദുബെയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു.