ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിഎസ്‌പി. സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബിഎസ്‌പി രംഗത്തെത്തിയത്. യോഗി ആദിത്യനാഥിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ ഭരണത്തിലെത്തിയതിനുശേഷം സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതായെന്നും അക്രമങ്ങളുടെയും പീഡനങ്ങളുടെയും എണ്ണം കൂടി വരികയാണെന്നും ബിഎസ്‌പി വക്താവ് സുധീന്ദ്ര ബധോരിയ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രിക്കുന്നതില്‍ നിലവിലെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അതുകൊണ്ട് തന്നെ ക്രമസസമാധാനം നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി ഉടന്‍ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ 263 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രവീൺ കുമാര്‍ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് 705 പേരെ അറസ്റ്റ് ചെയ്‌തു. കൂടാതെ 124 പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.