ലഖ്‌നൗ: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സിന് ദോഷം വരുത്തുന്നവരെ ഇല്ലാതാക്കുമെന്നും മാതൃകാപരമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹാത്രാസ് കേസിനെ തുടർന്നുണ്ടായ രാഷ്ട്രീയ കോളിളക്കത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വ്യാഴാഴ്ച അറസ്റ്റുചെയ്ത് ഡൽഹിയിലേക്ക് തിരിച്ചയച്ചതും വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
തൃണമൂൽ കോൺഗ്രസിന്‍റെ (ടിഎംസി) പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പൊലീസ് ഹത്രാസ് അതിർത്തിയിൽ തടഞ്ഞു. പാർട്ടി എംപി ഡെറക് ഓബ്രിയൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ഹാത്രാസ് സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രയിലായിരുന്നു.
ഹാത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരിയായ പെൺകുട്ടി സെപ്റ്റംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.