ലഖ്‌നൗ: സ്വച്ഛ് ഭാരത് അഭിയാൻ ഉത്തർ പ്രദേശിൽ പരാജയമായിരുന്നെന്ന് മുതിർന്ന ബിജെപി നേതാവ് ദിലീപ് ശ്രീവാസ്‌തവ. അഴിമതിയും സർക്കാർ തലത്തിലെ അവിശുദ്ധ കൂട്ടുകെട്ടുമാണ് സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ പരാജയത്തിന് കാരണമെന്നും ദിലീപ് ശ്രീവാസ്തവ പറഞ്ഞു. ജനുവരി രണ്ടിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് ഇക്കാര്യം ബിജെപി വക്താവ് ശ്രീവാസ്തവ തുറന്ന് സമ്മതിക്കുന്നത്. സംസ്ഥാനത്ത് അഴിമതി കുറക്കാനായെങ്കിലും ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷനിൽ അഴിമതി തുടരുകയാണെന്നും കത്തിൽ പറയുന്നു. കത്തിന്‍റെ പകര്‍പ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ് തുടങ്ങിവർക്കും അയച്ചിട്ടുണ്ട്.
മാലിന്യ ശേഖരണ ജോലികൾ സ്വകാര്യ സ്ഥാപനമായ 'ഇക്കോ ഗ്രീനി'നെയും , മലിനജലം വൃത്തിയാക്കൽ മറ്റൊരു സ്ഥാപനമായ 'സുയാഷിനെ' ഏൽപ്പിച്ചെന്നും എന്നാൽ ഇരു സ്ഥാപനങ്ങളും ജോലിയിൽ പരാജയപ്പെട്ടെന്നും ദിലീപ് ശ്രീവാസ്തവ കത്തിൽ ചൂണ്ടിക്കാട്ടി. സ്വച്ഛത റാങ്കിൽ ലഖ്‌നൗ വളരെ താഴെയാണെന്നും അതിന് ആരാണ് ഉത്തരവാദികളെന്നും കത്തിൽ ശ്രീവാസ്തവ ചോദിക്കുന്നു.
രണ്ട് വർഷം മുമ്പാണ് സംസ്ഥാനം സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകാനുള്ള തീരുമാനം നൽകിയതെന്നും എന്നാൽ ഇതിന് കൃത്യമായ ടെണ്ടർ നടപടി പാലിച്ചില്ലെന്നും ശ്രീവാസ്തവ ആരോപിച്ചു. റോഡുകൾ, ബസ് ഷെൽട്ടറുകൾ, ശുചിത്വം, സോളാർ മേൽക്കൂര പദ്ധതികൾ എന്നിവക്കായി സ്‌മാർട്ട് സിറ്റി മിഷനു കീഴിൽ 350 കോടി രൂപയാണ് ലഖ്‌നൗവിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ ദിലീപ് ശ്രീവാസ്തവക്ക് കത്തിന് മറുപടി ലഭിച്ചിട്ടില്ല.