ശ്രീനഗര്‍: അൽ ഖ്വയ്ദയിൽ അംഗമായ ഇനാമുൽ ഹഖിന്‍റെ സഹായി ഷക്കീൽ അഹമ്മദിനെ ജമ്മു കശ്മീരിലെ കത്വയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ജിഹാദിന്‍റെ പേരിൽ തീവ്രവാദ സംഘടനകൾക്കായി പോരാടാൻ യുവാക്കളെ പ്രേരിപ്പിച്ച കുറ്റത്തിലും അഹമ്മദ് പ്രതിയാണ്. സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകൾ വഴി അഹമ്മദ് പാകിസ്ഥാൻ തീവ്രവാദ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
നേരത്തെ ജൂൺ 18 ന് യുപി എടിഎസ് ബറേലി ജില്ലയിൽ നിന്ന് അൽ-ഖ്വയ്ദ പ്രവർത്തകനായ ഇനാമുൽ ഹഖിനെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 21ന് ജമ്മു കശ്മീരിലെ രാംബാൻ പ്രദേശത്ത് നിന്ന് അൽ-ഖ്വയ്ദ പ്രവർത്തകനായ സൽമാൻ ഖുർഷിദിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ സൽമാൻ ഖുർഷിദ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനാമുൽ ഹഖുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.