ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സർക്കാരിന് നോക്കുകുത്തികളാകാൻ സാധിക്കില്ലെന്ന് കോൺഗ്രസ്. ഔറയ്യയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ.
ആവശ്യമെങ്കിൽ തൊഴിലാളികളെ സുരക്ഷിതമായി വീടുകളിൽ എത്തിക്കാൻ സൈന്യത്തെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പ്രശ്‌നത്തോളം വലുതാണ് ഇന്നത്തെ സംഭവം. പ്രസംഗങ്ങൾ ഒന്നിനും പരിഹാരമല്ല. പിഎം കെയർ ഫണ്ടിൽ നിന്നുള്ള ധനസഹായം കൃത്യമായി അവരുടെ കൈകളിൽ എത്തണമെന്നും അഹമ്മദ് പട്ടേൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ അനുശോചനം അറിയിച്ചു. എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി സ്വദേശത്തെത്തിക്കാൻ ശരിയായ ക്രമീകരണങ്ങൾ നടത്താൻ സർക്കാർ തയ്യാറാകാത്തത്?, എന്തുകൊണ്ടാണ് അവർക്കുവേണ്ടി ബസുകൾ ലഭ്യമാക്കാത്തത്?, ഇന്നത്തെ അപകടങ്ങൾ ഇത്തരം ചോദ്യങ്ങൾ സർക്കാരിന് നേരെ ഉയർത്തുന്നു. സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രസംഗം മാത്രമാണോ സർക്കാരിന്‍റെ കടമയെന്നും ട്വിറ്ററിലൂടെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.