റായ്ബറേലി: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് പെൺകുട്ടിയും അമ്മയും ബന്ധുവും മരിച്ചു. പെൺകുട്ടിയുടെ അമ്മ ആശാ സിങും ബന്ധു പുഷ്പാ സിങ്ങുമാണ് മരിച്ചത്. പെൺകുട്ടിയുടെയും കാർ ഓടിച്ചിരുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകന്‍റെയും നില ഗുരുതരം. ബിജെപി എംഎൽഎ കുൽദീപ് സിങ് പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബന്ധുവിനെ സന്ദർശിച്ച് വരുന്ന വഴി റായ്‌ബറേലിയില്‍ വച്ച് കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു.
2017 ജൂണിൽ ജോലി അഭ്യർഥിച്ച് ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എംഎൽഎക്കെതിരെ കുടുംബം പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. തുടർന്ന് പെൺകുട്ടിയും പിതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയിലെത്തി ആത്മഹത്യശ്രമം നടത്തിയിരുന്നു. തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടയിൽ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.