ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ചികിത്സാ ചെലവുകൾക്കായി പെൺകുട്ടിയുടെ അഭിഭാഷകന് അഞ്ച് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽണമെന്നും സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
പെൺകുട്ടിയുടെയും അവളുടെ അഭിഭാഷകന്‍റെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ ഏജൻസി നാല് ആഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ അഭിഭാഷകൻ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
ഈ കഴിഞ്ഞ ജൂലൈ 28 നാണ് പെൺകുട്ടിയും അഭിഭാഷകനും പെൺകുട്ടിയുടെ രണ്ട് അമ്മായിമാരും റായ്ബറേലിയിലേക്ക് പോകുന്ന വഴിയില്‍ വാഹനാപകടത്തിൽ പെട്ടത്. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. റോഡപകടവുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഓഗസ്റ്റ് ഒന്നിന് ഉത്തരവിട്ടിരുന്നു.