ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ പീഡനം നടന്നദിവസം പ്രതി എവിടെയായിരുന്നു എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‍കാന്‍ ആപ്പിൾ കമ്പിനിയോട് ഡല്‍ഹി കോടതി ആവശ്യപെട്ടു. പീഡന കേസിലെ പ്രതിയും എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെന്‍ഗാർ പീഡനം നടന്ന ദിവസം എവിടെയായിരുന്നു എന്ന വിവരമാണ് കോടതി ആവശ്യപെട്ടിരിക്കുന്നത്. സെപ്റ്റംബർ 28-നകം മറുപടി സമർപ്പിക്കാൻ ഐഫോൺ നിർമാതാവിന് ജില്ലാ ജഡ്ജി ധർമേഷ് ശർമ നിർദേശം നൽകിയതായി കേസുമായി ബന്ധപ്പെട്ട അഭിഭാഷകൻ അറിയിച്ചു.
2017-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അതേസമയം ഉന്നവോ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്‍റെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ കഴിഞ്ഞ വർഷം ഏപ്രില്‍ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിലിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിയും കുടുംബം സിആർപിഎഫ് സുരക്ഷയിലാണ് കഴിയുന്നത്.