ന്യൂഡൽഹി: നാലാംഘട്ട അൺലോക്കിന് ശേഷം കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാവുകയുള്ളു. വരും ദിവസങ്ങളിൽ അധിക 100 ട്രെയിൻ സർവീസുകൾ കൂടി നടത്താനാണ് പദ്ധതിയെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ ഏഴ് മുതൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നതിന് കേന്ദ്രം കഴിഞ്ഞ ആഴ്‌ച അനുമതി നൽകിയിരുന്നു.
കൊവിഡ് സാഹചര്യത്തിൽ മാർച്ച് 25ന് പാസഞ്ചർ, മെയിൽ, എക്‌സ്പ്രസ് ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവെ നിർത്തിവച്ചിരുന്നു. തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടിങ്ങിക്കിടക്കുന്നവർക്കായി മെയ് ഒന്ന് മുതൽ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾക്ക് സർക്കാർ സർവീസ് അനുമതി നൽകിയിരുന്നു.