ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി ഗുജറാത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍, ഗുജറാത്ത് ഡെപ്യൂട്ടി മുഖ്യമന്ത്രി നിതിന്‍ ഭായ് പട്ടേല്‍, ജില്ലാ കലക്‌ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ആഘോഷകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് യോഗത്തിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ സാഹചര്യം ആശങ്കാജനകമായിരുന്നുവെങ്കിലും പിന്നീട് മെച്ചപ്പെട്ടുവെന്നും കൊവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടര്‍ ഡോ സുജിത് സിങ് ഗുജറാത്തിലെ കൊവിഡ് വിശകലന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഹോട്ട് സ്‌പോട്ടുകളായ സൂറത്തിലെ നഗര, തീരപ്രദേശങ്ങള്‍, ജുനഗര്‍, ഗാന്ധിനഗര്‍ എന്നീ പ്രദേശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടു. കൊവിഡ് നിയന്ത്രണത്തിനായുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നിലവില്‍ 88.22 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. എന്നാല്‍ മരണ നിരക്ക് 2.31 ശതമാനമാണ്. 1.52 ശതമാനമാണ് ദേശീയ ശരാശരി.
ഗുജറാത്തിലെ കൊവിഡ് സാഹചര്യം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ കൂടി ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ പുതുതായി 1091 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 14,436 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 3638 പേര്‍ കൊവിഡ് മൂലം ഗുജറാത്തില്‍ മരിച്ചു. നാളെ ഉത്തര്‍പ്രദേശിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം യുപി സര്‍ക്കാരുമായി യോഗം ചേരും.