ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി ബില്‍. ഇതോടെ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് രാജ്യം പൗരത്വം നൽകുന്നത് പരിഗണിക്കും. ഈ രാജ്യങ്ങൾ അടിസ്ഥാനപരമായി ഇസ്ലാമിക രാജ്യങ്ങളാണെന്നും മറ്റു മതസ്ഥരാണ് അവിടെ വിവേചനം നേരിടുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ വാദം.
ഇതോടെ ആറുവർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്‌സി മതക്കാർക്ക് പൗരത്വം നൽകാമെന്നാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. രേഖകളില്ലെങ്കിലും ഇവരെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കും. മതപരമായ വിവേചനമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എന്നാൽ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും പ്രതിപക്ഷത്തിന്‍റെ വാദം ശരിയല്ലെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. 2016 ലാണ് പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ പിരിച്ചുവിടപ്പെട്ടതിനെ തുടർന്ന് ബില്‍ അസാധുവാകുകയായിരുന്നു.