ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി നിന്നിരുന്ന നാല് ലക്ഷം കോടി രൂപ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചുപിടിക്കാനായെന്ന് കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍. മോദി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ 70-ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.
"2014 മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 52 ലക്ഷം കോടിയായിരുന്നു രാജ്യത്തെ കിട്ടാക്കടം. ഇപ്പോള്‍ അത് 14 ലക്ഷം കോടിയായി കുറഞ്ഞിരിക്കുന്നു. നിയമനടപടികളിലൂടെ നാല് ലക്ഷം കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്‌തിട്ടുണ്ട്." - അനുരാഖ് താക്കൂര്‍ പറഞ്ഞു. ബാങ്കില്‍ നിന്നെടുക്കുന്ന കടങ്ങള്‍ കൃത്യമായി തിരിച്ചടയ്‌ക്കാന്‍ നിങ്ങള്‍ ബന്ധപ്പെടുന്ന ആളുകളോട് പറയണമെന്നും കേന്ദ്ര സഹമന്ത്രി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരോട് പറഞ്ഞു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധാര്‍ കാര്‍ഡ് ആധാരമാക്കി എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ സുരക്ഷിതമാണെന്ന് പറഞ്ഞ താക്കൂര്‍ 2025 ആകുന്നതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറായി ഉയരുമെന്നും കൂട്ടിച്ചേര്‍ത്തു.