ന്യൂഡൽഹി: ഇന്ത്യൻ സേനയും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറാൻ സിസമ്മതിച്ചതിനെ തുടർന്ന്, അടുത്ത ഘട്ട കോർപ്‌സ് കമാൻഡർ തല ചർച്ചകൾ അനിശ്ചിതത്വത്തിൽ. കോർപ്‌സ് കമാൻഡർ തല ചർച്ചകൾക്കായുള്ള തീയതി തീരുമാനിക്കാൻ ചൈന വിസമ്മതിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ. ഇത് ചൈനയുടെ തന്ത്രപരമായ നീക്കമാണോ സൂചിപ്പിക്കുന്നത് എന്ന സംശയമാണ് ഉയർന്നു വരുന്നത്.
ഇതുവരെ കോർപ്‌സ് കമാൻഡർ തലത്തിൽ നാല് ചർച്ചകൾ ഇന്ത്യയും ചൈനയും തമ്മിൽ നടന്നിട്ടുണ്ട്. ജൂൺ 6, ജൂൺ 22, ജൂൺ 30, ജൂലൈ 14 എന്നീ തിയതികളിൽ ചുഷുൽ- മോൾഡോയിൽ അതിർത്തി പ്രദേശത്താണ് ചർച്ചകൾ നടന്നത്. അതിർത്തിയിൽ ചൈനീസ് ഭാഗത്ത് ഭൂപ്രദേശം അനുകൂലമാണ്. ഇതിനു പുറമെ, കിഴക്കൻ ലഡാക്കിലെ ശൈത്യകാലത്തെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ ചൈന ഇന്ത്യയേക്കാൾ മികച്ചതാണ്.
നിലവിൽ കിഴക്കൻ ലഡാക്കിൽ നാല് പ്രധാന ഫ്ലാഷ് പോയിന്‍റുകളുണ്ട്. ഗാൽവാൻ വാലി (പിപി 14), പാങ്കോങ്ങ് തടാകം (ഫിംഗർ 4), ഹോട്ട് സ്പ്രിംഗ്സ് (പിപി 15), ഗോഗ്ര (പിപി 17). ഫിംഗർ 4 ലെ പിഎൽഎയുടെ നിലവിലെ സ്ഥാനങ്ങൾ യഥാർത്ഥത്തിൽ പ്രധാന ഘടകമാണ്.
മെയ് 5ന് പാങ്കോങ്ങ് തടാകത്തിന്‍റെ വടക്കൻ തീരത്ത് ഫിംഗർ 4ന് സമീപമുള്ള ഏറ്റുമുട്ടലാണ് ഇരു സൈനികരും തമ്മിലുള്ള ആദ്യത്തെ അക്രമ സംഭവം. ഇത് കിഴക്കൻ ലഡാക്കിലെയും മറ്റിടങ്ങളിലെയും എൽഎസിയിലുടനീളം വ്യാപിച്ചു. ചർച്ചകൾ പ്രകാരം ഒന്നാം ഘട്ടത്തിൽ പാങ്കോങ്ങ് തടാകത്തിന്‍റെ തീരത്ത് ഫിംഗർ 4ൽ നിന്ന് ഫിംഗർ 5 ലേക്ക് പിഎൽഎ പിന്നോട്ട് മാറിയിരുന്നു. എന്നാൽ ഫിംഗർ 4 റിഡ്‌ലൈനിൽ പുതുതായി കൈവശമുള്ള പോസ്റ്റിൽ നിന്ന് പിന്നോട്ട് പോകാൻ സൈന്യം വിസമ്മതിച്ചു. ഇപ്പോൾ ഇരുരാജ്യവും അതിർത്തിയിൽ 1,00,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.