ന്യൂഡൽഹി: ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രം പാകിസ്ഥാനാണെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ റിപ്പോർട്ട് ശരിവച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷെ മുഹമ്മദും ലഷ്കർ ഇ ത്വയ്ബയും അഫ്ഗാനിസ്ഥാനിലേക്ക് പോരാളികളെ കടത്തിക്കൊണ്ടുപോകുന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമായി പാകിസ്ഥാൻ നിലനിൽക്കുന്നുവെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ഇത് ശരിവയ്ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
നിരോധിക്കപ്പെട്ട തീവ്രവാദ സ്ഥാപനങ്ങളും വ്യക്തികളും സുരക്ഷിത താവളങ്ങളിൽ തുടരുകയാണ്. പാക്കിസ്ഥാന്‍റെ പിന്തുണയോട് കൂടിയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഎസ്‌ഐഎൽ, അൽ ഖ്വയ്ദ, എന്നിവയുമായി ബന്ധപ്പെട്ട നിരീക്ഷണ സംഘത്തിന്റെ 25-ാമത്തെ റിപ്പോർട്ട് യുഎൻ സുരക്ഷാ കൗൺസിലിന് സമർപ്പിച്ചു. അൽ ഖ്വയ്ദയുടെയും അഫ്ഗാനിസ്ഥാനിലെ അതിന്‍റെ അനുബന്ധ സംഘടനകളുടെയും മുതിർന്ന നേതാക്കളുടെയും നിരവധി വിദേശ തീവ്രവാദ പോരാളികളുടെയും സാന്നിധ്യം റിപ്പോർട്ടിൽ പരാമർശിക്കുന്നു.