ഇസ്ലാമാബാദ്: ദശാബ്‌ദത്തിലെ ഏറ്റവും പ്രശസ്‌തയായ കൗമാരക്കാരിയായി നോബൽ സമ്മാന ജേതാവു കൂടിയായ മലാല യൂസഫ്സായി. യുഎൻ ആണ് പ്രഖ്യാപനം നടത്തിയത്. 2010 നും 2013 അവസാനത്തിനും ഇടയിൽ നടന്ന സംഭവങ്ങൾ കണക്കിലെടുത്താണ് അവലോകനം നടത്തിയത്. 2010 ലെ ഹെയ്‌തി ഭൂകമ്പം, 2011 ലെ സിറിയൻ പോരാട്ടത്തിന്‍റെ തുടക്കം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂലമായി മലാല നടത്തിയ പ്രവർത്തനങ്ങൾ എന്നിവ യുഎൻ ഉയർത്തിക്കാട്ടി.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള മലാലയുടെ ശ്രമങ്ങളെ മാനിച്ചുകൊണ്ട് 2014 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല മാറി. രണ്ട് വർഷം മുമ്പാണ് താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ മലാലയെ ലോകം അറിയുന്നത്. ഈ സംഭവം ലോകമെമ്പാടും വ്യാപക പ്രക്ഷോഭങ്ങൾക്ക് കാരണമാവുകയും ചെയ്‌തു. ആ വർഷം മനുഷ്യാവകാശ ദിനത്തിൽ യുനെസ്കോയിലെ പാരീസ് ആസ്ഥാനത്ത് മലാലയയെ പ്രത്യേകമായി ആദരിച്ചു. ഓരോ പെൺകുട്ടിക്കും സ്കൂളിൽ പോകാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനും പെൺകുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനും നടപടി സ്വീകരിക്കണമെന്ന് മലാല ആവശ്യപ്പെട്ടു. ആക്രമണത്തിന് ശേഷം മലാലയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ വർധിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് 2017ൽ യുഎൻ സമാധാന സന്ദേശവാഹകയായി. ഈ 22 വയസുകാരിയെയാണ് ഈയിടെ ടീൻ വോഗ് ഈ ദശകത്തിലെ അവസാന ലക്കത്തിനായി കവർ പേഴ്‌സനായി തിരഞ്ഞെടുത്തത് എന്നാണ് യുഎന്‍ അവലോകന റിപ്പോർട്ടില്‍ മലാലയെക്കുറിച്ച് പറയുന്നത്.