ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ ത്രാലില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ദക്ഷിണ കശ്മീരിലെ ഗുല്‍ഷന്‍പൊരയിലാണ് ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 42 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടി ഉതിര്‍ക്കുകയായിരുന്നു. നവീദ് ഖാന് പുറമെ മറ്റ് രണ്ട് ഭീകരരെയും സുരക്ഷാ സേന വധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് ഭീകരന്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്‍റ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.