ദന്തേവാഡ: പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് നക്‌സലുകൾ ദന്തേവാഡയിൽ കീഴടങ്ങി. തലക്ക് പണം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. കറ്റേകല്യാൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ഭൂപേഷ് സോധിയെന്ന ബുദ്ര, ഉമേഷ് കുമാർ മർകം എന്നിവരാണ് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവയുടെ മുമ്പാകെ കീഴടങ്ങിയത്.
സിപിഐ മാവോയിസ്റ്റുകളുമായി ബന്ധമുള്ള സോധി ഒമ്പത് വർഷമായി മാവോയിസ്റ്റുകളുടെ സാംസ്‌കാരിക വിഭാഗമായ ചേത്ന നാട്യ മഡ്‌ലിയുടെ കമാൻഡറായി സജീവമായിരുന്നു. മർകം ചെറിയ ആക്‌ഷൻ സംഘത്തിൽ അംഗമായിരുന്നുവെന്ന് അഭിഷേക് പല്ലവ പറഞ്ഞു. കഴിഞ്ഞ വർഷം ബസ്താനാർ മേളയിൽ വെച്ച് പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മർകമിന് 2 ലക്ഷവും സോധിക്ക് ഒരു ലക്ഷവുമാണ് പൊലീസ് വിലയിട്ടിരുന്നത്.
പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ തങ്ങൾ നിരാശരാണെന്ന് രണ്ട് പേരും പ്രസ്‌താവനയിൽ പറഞ്ഞു. പ്രാദേശിക പൊലീസ് ആരംഭിച്ച ലോൺ വരാട്ട് പ്രചരണത്തിന്‍റെ ഭാഗമായാണ് മാവോയിസ്റ്റുകൾ കീഴടങ്ങുന്നതെന്ന് പല്ലവ പറഞ്ഞു. ഈ പ്രചരണം ആരംഭിച്ചതിന് ശേഷം ഇതുവരെ 144 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.