ഷില്ലോംഗ്: ഇന്തോ-ബംഗ്ലാ അതിർത്തിയില്‍ വെസ്റ്റ് ജൈന്‍തിയ ഹിൽസിലെ ഗ്രാമത്തിൽ വിഷകൂൺ കഴിച്ച് രണ്ട് മരണം കൂടി. നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന സിൻറാൻ ഖൊഗ്ലാ (16), ലാപിൻഷായ് ഖൊഗ്ലാ (28) എന്നിവർ മരിച്ചതായി ഗ്രാമത്തലവന്‍ ഗോൾഡൻ ഗാഷംഗ പറഞ്ഞു. മേഘാലയയിലെ ലാമിൻ ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളിൽ നിന്നായി 18 പേർ വിഷകൂൺ ഭക്ഷിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഗ്രാമത്തിനടുത്തുള്ള വനത്തിൽ നിന്നാണ് ഇവർ കൂൺ ശേഖരിച്ചത്.
മോറിസണ്‍ ധാര്‍ (40) കാട്ടിലിയ ഖോങ്‌ല (26) എന്നിവർ രണ്ട് ദിവസം മുമ്പേ മരിച്ചിരുന്നു. കൂടാതെ, കാട്ടിലിയ ഖോങ്‌ലയുടെ രണ്ട് സഹോദരന്മാരും ഇപ്പോൾ ചികിത്സയിൽ തുടരുന്നുണ്ട്. വിഷക്കൂൺ ഭക്ഷിച്ച ഏഴു വയസുകാരനെ ഷില്ലോംഗിലെ വുഡ്‌ലാന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് മൂന്ന് പേർ ജോവായ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.