ന്യൂഡൽഹി: തീസ് ഹസാരി സംഘർഷത്തിൽ പൊലീസിന്‍റെ തോക്ക് മോഷ്‌ടിച്ച രണ്ട് അഭിഭാഷകരെ തിരിച്ചറിഞ്ഞു. തീസ് ഹസാരി കോടതി വളപ്പിൽ പൊലീസും അഭിഭാഷകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കോൺസ്റ്റബിളിന്‍റെ തോക്ക് മോഷ്‌ടിച്ചെന്നാരോപിക്കപ്പെട്ട രണ്ട് അഭിഭാഷകരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. എന്നാൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം അഭിഭാഷകർക്കെതിരെ നടപടിയെടുക്കാനായില്ല.
നവംബർ രണ്ടിനാണ് തീസ് ഹസാരി കോടതി വളപ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ 21 പൊലീസുകാർക്കും അഭിഭാഷകർക്കും പരിക്കേൽക്കുകയും പതിനേഴോളം വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരീന്ദർ സിംഗിന്‍റെ ഓപ്പറേറ്ററായ കോൺസ്റ്റബിൾ അമിതിനെ ക്രൂരമായി മർദിക്കുകയും അയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് മോഷ്‌ടിക്കുകയും ചെയ്‌തെന്നാണ് അഭിഭാഷകര്‍ക്കെതിരായ കേസ്. സംഭവത്തിന് ശേഷം ഡൽഹി ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ ഡൽഹി പൊലീസ് നിയമിച്ചു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടറെ സസ്‌പെന്‍റ് ചെയ്യുകയും മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്‌തു.