ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. കുല്‍ഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭാട്ട്, അഖ്വിബ് യസീന്‍ ഭാട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. തെക്കൻ കശ്‌മീരിലെ ബിജ്‌ബെഹാര മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. 2018ല്‍ തീവ്രവാദസംഘടനയില്‍ ചേര്‍ന്ന നവീദ് അഹമ്മദ് ഭാട്ടും 2019ല്‍ അംഗമായ അഖ്വിബ് യസീന്‍ ഭാട്ടും നിരവധി തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്ന് ജമ്മുകശ്‌മീർ പൊലീസ് ഡയറക്‌ടർ ജനറൽ ദിൽബാഗ് സിങ് പ്രതികരിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം ഹിസ്‌ബുൾ മുജാഹിദീന്‍ കമാന്‍ഡറായ ജുനൈദ് ഫറൂഖ് പണ്ഡിറ്റിനെ വടക്കന്‍ കശ്‌മീരിലെ ബരാമുള്ളയില്‍ നിന്നും അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്നും പിസ്റ്റളും 30 വെടിയുണ്ടകളും കണ്ടെടുത്തു.