ന്യൂഡൽഹി: ഇസ്‌ലാമാബാദിൽ പിടിയിലായ ഇന്ത്യൻ ഉദ്യോഗസ്ഥരെ മർദിച്ച് കുറ്റസമ്മതം നടത്തി. അപകടത്തിൽ ഇവർക്ക് പങ്കുള്ളതായി നിർബന്ധിപ്പിച്ച് പറയിപ്പിച്ചതായും ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്‍റെ ആക്ടിങ് ഹൈക്കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചുവരുത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. ഉദ്യോഗസ്ഥരെ വിട്ടയക്കണമെന്ന് പാക് നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര തലത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്ന് ഇസ്ലാമാബാദ് തലസ്ഥാന വികസന അതോറിറ്റി തീരുമാനമെടുത്തെന്നും നയതന്ത്ര കര്യാലയവുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു . എന്നാൽ വിട്ടയച്ച ഉദ്യോഗസ്ഥരെ മർദിച്ചതായും മലിനജലം കുടിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരെയും മർദിച്ച് കുറ്റസമ്മതം നടത്തിച്ചതായും മറ്റ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെയും പങ്കിനെയുംപറ്റി ചോദ്യങ്ങൾ ചോദിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം കാൽനടയാത്രക്കാരനെ ഇടിക്കുകയും തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ ടിവി ചാനലിന്‍റെ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രികനെ ആശുപത്രിയിലേക്ക് മാറ്റുകയും ആൾക്കൂട്ടം ചേർന്ന് കാർ തടഞ്ഞ് ഉദ്യോഗസ്ഥരെ ഇസ്ലാമാബാദ് പൊലീസിന് കൈമാറിയെന്നും ജിയോ ന്യൂസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
ചാരവൃത്തി കുറ്റകൃത്യങ്ങളുടെ പേരിൽ മേയ് 31 ന് ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷന്‍റെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. 2016 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നത്. അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നീ രണ്ട് ഉദ്യോഗസ്ഥരെയായിരുന്നു ഡൽഹി പൊലീസ് പിടികൂടിയത്. പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ ഒരു ഇന്ത്യൻ വംശജനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിന്‍റെ രേഖകൾ വാങ്ങി പണവും ഐഫോണും കൈമാറുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത് എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മീഷണർമാരെ തിരിച്ചുവിളിച്ചിരുന്നു. നിലവിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണർമാരാണ് ഹൈക്കമ്മിഷന്‍റെ ചുമതല വഹിക്കുന്നത്. 2016 ഒക്ടോബറിൽ ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്ന് ഇരു രാജ്യങ്ങളും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.