ലഖ്‌നൗ: ഈദ് ദിനത്തിൽ സോഷ്യൽ മീഡിയയിൽ അനുചിതമായ ഉള്ളടക്കം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ (എഎംയു) രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി സെക്ഷൻ 153 എ (മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ശത്രുത അല്ലെങ്കിൽ വിദ്വേഷ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുക), ഐപിസി സെക്ഷൻ 153 ബി (ഇംപ്യൂട്ടേഷനുകൾ, ദേശീയ സമന്വയത്തിന് മുൻവിധിയോടെയുള്ള വാദങ്ങൾ), ഐടി നിയമത്തിലെ സെക്ഷൻ 66 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എഎംയു വക്താവ് ഷാഫി കിഡ്‌വായ് പറഞ്ഞു. "ഈദ് എന്നാൽ സന്തോഷം, സന്തോഷം പാക്ക് എന്നാണ്" വിദ്യാർഥികൾ അവരുടെ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ഡിസംബർ 15 ന് പൗരത്വ വിരുദ്ധ ഭേദഗതി നിയമ പ്രതിഷേധത്തിനിടെ വാർസിറ്റി കാമ്പസിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ച് എഎംയു വിദ്യാർഥി നേതാവ് ഫർഹാൻ സുബേരിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സുബേരി വാണ്ടഡ് ക്രിമിനലാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ സുബേരിയ്ക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ട് വിദ്യാർഥികൾക്ക് വെടിയേറ്റതിനെ തുടർന്ന് ഡിസംബർ 15 ന് എഎംയു കാമ്പസിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിനിടെ വിദ്യാർഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. സംഭവത്തിൽ ഏഴ് എഎംയു വിദ്യാർഥികളടക്കം 26 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിനുശേഷം അവരെ ജാമ്യത്തിൽ വിട്ടു.