ലിബിയൻ ജനറൽ ഖലീഫ ഹെഫ്റ്ററിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും ലിബിയയുടെ എണ്ണ സ്രോതസ്സുകൾ സുരക്ഷിതമാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതിനാണ് ഹെഫ്റ്ററിനെ ട്രംപ് അഭിനന്ദിച്ചത്. ട്രിപ്പോളിയിലെ സൈനിക ആക്രമണം ട്രംപ് പരാമർശിച്ചില്ല. എന്നാൽ ഖലീഫ ഹെഫ്റ്ററിന്‍റെ സേനയുടെ സൈനിക ആക്രമണത്തെ എതിർക്കുന്നുവെന്നും സൈനിക നടപടികൾ അടിയന്തരമായി നിർത്തലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം ആദ്യം അറിയിച്ചിരുന്നു.
ട്രിപ്പോളിയിലെ സൈനിക ആക്രമണത്തിൽ 200 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 913 പേർക്ക് പരിക്കേറ്റു. മുവാമർ ഗദ്ദാഫിയുടെ മരണ ശേഷം ലിബിയ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ലിബിയയുടെ കിഴക്കന്‍ മേഖല ലിബിയൻ നാഷണൽ ആർമിയുടെ പിന്തുണയുള്ള പാർലമെന്‍റിന്‍റെ നിയന്ത്രണത്തിലും ലിബിയയുടെ പടിഞ്ഞാറൻ മേഖല യു എൻ പിന്തുണയുള്ള ഗവൺമെന്‍റ് ഓഫ് നാഷണൽ അക്കേർഡിന്‍റെ (ജിഎൻഎ) നിയന്ത്രണത്തിലുമാണ്.