ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാജ്യ തലസ്ഥാനമടക്കം 59 മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ വിധി എഴുതുന്നത്.
കേന്ദ്ര മന്ത്രി മേനക ഗാന്ധി, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്, ബിജെപിയുടെ പ്രഗ്യ സിങ് താക്കൂർ തുടങ്ങിയവരാണ് ഈ മണ്ഡലങ്ങളിൽ നിന്ന് ജനവിധിക്കായി ഇറങ്ങുന്നവരിൽ പ്രമുഖർ. ന്യു ഡൽഹിയിലെയും, ഹരിയാനയിലെയും മുഴുവൻ മണ്ഡലങ്ങിലെ വോട്ടെടുപ്പ് ഒറ്റഘട്ടമായിയാണ് നടക്കുന്നത്. കൂടാതെ ഉത്തർപ്രദേശിലെ 14, മധ്യപ്രദേശിലെയും, ബിഹാറിലെയും പശ്ചിമ ബംഗാളിലെയും എട്ട്, ഝാർഖണ്ഡിലെ നാല് സീറ്റുലുമാണ് മെയ് 12ന് വോട്ടെടുപ്പ് നടത്തുന്നത്.
പ്രചാരണങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഡൽഹിയിലും യുപിയിലും എല്ലായിടുത്തും ത്രികോണ മത്സരമെന്ന ചിത്രമാണ് തെളിയുന്നത്. ഡൽഹിയിൽ ബിജെപിക്കു കോൺഗ്രസിനും വെല്ലുവിളി ഉയർത്തന്നത് ആം ആദ്മി പാർട്ടിയും, യുപിയിൽ എസ്പി-ബിഎസ്പി സഖ്യവുമാണ്.
2014 തെരഞ്ഞെടുപ്പിൽ ഈ 59 മണ്ഡലങ്ങളിൽ നിന്ന് ബിജെപി 44 സീറ്റ് നേടിയിരുന്നു. മെയ് 19ന് നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിന് ശേഷം മെയ് 23നാണ് ഫല പ്രഖ്യാപനം.