മംഗളൂരു: മംഗളൂരു വിമാന ദുരന്തത്തിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് ദുരന്തത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു. വെള്ളിയാഴ്ചയാണ് ജില്ലാ ഭരണകൂടം അനുസ്മരണം നടത്തിയത്.
ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, എംപി നളിൻ കുമാർ കാട്ടിൽ, ഡിസി സിന്ധു ബി രൂപേഷ്, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് മംഗളൂരു വിമാന ദുരന്തം. ദുബായിൽ നിന്ന് അതിരാവിലെ എത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് ഫ്ലൈറ്റ് ഐ എക്സ് 812 വിമാനം റൺവേയെ മറികടന്ന് സമീപത്തുള്ള കുഴിയിൽ ഇടിച്ചിറങ്ങുകയായിരുന്നു. 2010ലായിരുന്നു അപകടം നടന്നത്.
രണ്ട് പൈലറ്റുമാരും നാല് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 158 പേരാണ് അന്ന് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 135 മുതിർന്നവരും 19 കുട്ടികളും നാല് കൈക്കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. മരിച്ചവര്‍ക്ക് നഷ്ടപരിഹാരമായി 35 ലക്ഷം രൂപയും മറ്റുചിലർക്ക് ഏഴ് കോടി രൂപയുമാണ് നൽകിയത്. മരണപ്പെട്ടയാളുടെ വരുമാനത്തിന്‍റെയും അവരുടെ പ്രായത്തിന്‍റെയും അടിസ്ഥാനത്തിൽ ദുരിതാശ്വാസ തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും, നഷ്ടപരിഹാരം നൽകുമ്പോൾ എല്ലാവര്‍ക്കും ഒരുപോലെ നൽകിയില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി അന്നത്തെ ഡിസി എ ബി ഇബ്രാഹിം 10 ലക്ഷം രൂപ ചെലവിൽ ഒരു സ്മാരകവും നിർമ്മിച്ചിരുന്നു.