ശ്രീനഗര്‍: ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. റംമ്പാന്‍ നഗരത്തിന് സമീപം റോഡ് തകര്‍ന്നതിനാലാണ് ഗതാഗതം നിര്‍ത്തിവച്ചത്. റംമ്പാന്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കേല മോറിലെ റോഡിന്‍റെ ഒരു ഭാഗമാണ് തകര്‍ന്നത്. പാലത്തിന്‍റെ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. റോഡിന്‍റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ട്രാഫിക് പൊലീസ് സൂപ്രണ്ട് ജതീന്ദര്‍ സിങ് ജോഹര്‍ വ്യക്തമാക്കി.
അതേ സമയം കനത്ത മഞ്ഞ് വീഴ്‌ചയും മഴയും മണ്ണിടിച്ചിലും കാരണം ഏഴ് ദിവസമായി ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ദേശീയപാതയിലെ ഗതാഗതം പുനരാരംഭിച്ചത്. നിരവധി വാഹനങ്ങളാണ് ഇത് മൂലം ദേശീയപാതയില്‍ കുടുങ്ങിക്കിടന്നത്. അതേസമയം ജമ്മു- ദോഡ-കിഷ്‌ത്‌വാര്‍, ജമ്മു-റംമ്പാന്‍, മാഗര്‍കോട്ട്-ബനിഹാല്‍, ബനിഹാല്‍-ക്വാസിഗുണ്ട് എന്നിവിടങ്ങളിലേക്ക് ഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ട്രാഫിക് പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.