ചെന്നൈ: പൊങ്കലിനെത്തുടർന്ന് മധുരയിലെ അവനിയപുരത്ത് ജല്ലിക്കെട്ട് ആരംഭിച്ചു. ജനുവരി 31വരെ നടക്കുന്ന ജല്ലിക്കെട്ട് മത്സരങ്ങളിൽ 2000ത്തിലധികം കാളകളാണ് പങ്കെടുക്കുന്നത്. അവനിയപുരത്ത് നിന്ന് 730 കാളകളും അലങ്കനല്ലൂരിൽ നിന്ന് 700 കാളകളും പാലമേഡുവിൽ നിന്നായി 650 കാളകളുമാണ് ഈ വർഷം ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
മത്സരത്തിന് മുന്നോടിയായി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിയമിച്ച റിട്ടയേർഡ് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി സി മാണിക്യം മത്സര സ്ഥലം സന്ദർശിച്ചു. സ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥർ ജല്ലിക്കെട്ട് നിരീക്ഷണത്തിനുണ്ടെന്നും ജില്ലാ കലക്‌ടർ തയ്യാറെടുപ്പുകൾ വിലയിരുത്തിയെന്നും 21 ആബുലൻസുകൾ സ്ഥലത്ത് തയ്യാറാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.