ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,383 പുതിയ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,984 ആയി. 15,474 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,869 പേർ രോഗമുക്തരായി. 640 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 50 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
5,218 കേസുകളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇവിടെ 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തില്‍ 2,178 പേര്‍ക്കും ഡൽഹിയില്‍ 2,156 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 3,252 പേർക്ക് കൊവിഡ് ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. ഇവര്‍ക്ക് പുറമെ തിങ്കളാഴ്‌ച മാത്രം 705 രോഗികൾ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ 17.48 ശതമാനം പേര്‍ രാജ്യത്ത് രോഗമുക്തരായി. കൊവിഡ് 19 പ്രതിരോധത്തിലും മറ്റ് സേവനങ്ങളിലും പാലിക്കേണ്ട വിശദമായ മാർഗ നിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.