ഗാന്ധിനഗര്‍: കടം വീട്ടാൻ സ്വന്തം കിഡ്‌നി വില്‍ക്കേണ്ട അവസ്ഥ. വാങ്ങിയ പണം മൂന്നിരട്ടിയായി തിരികെ നല്‍കിയിട്ടും ഭീഷണി തുടര്‍ന്ന് പലിശക്കാര്‍. ഗുജറാത്തിലെ ബനസ്‌കന്ദയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഖോഡ ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാജാഭായ് പുരോഹിതാണ് ക്രൂരതയുടെ ഇരയായത്. പലിശക്കാരായ ഹര്‍ഷദ് വജിര്‍, ദേവ റബാരി, ഓഖ റബാരി, വഷ്ര റബാരി എന്നിവരുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് രാജാഭായ് കടം വാങ്ങിയത്. എന്നാല്‍ കൃത്യമായി തിരിച്ചടയ്‌ക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ ഭീഷണി വന്ന് തുടങ്ങിയതോടെ തന്‍റെ കിഡ്‌നി വില്‍ക്കാൻ രാജാഭായ് തയാറായി. ഓണ്‍ലൈനില്‍ പരസ്യം കൊടുത്തതിന് പിന്നാലെ നിരവധി പേര്‍ കിഡ്‌നി ആവശ്യപ്പെട്ട് വന്നു. ഒടുവില്‍ 15 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌ത ശ്രീലങ്കൻ സ്വദേശിക്ക് രാജാഭായ് കിഡ്‌നി നല്‍കി. ആ പണം പലിശക്കാര്‍ക്ക് നല്‍കുകയും ചെയ്‌തു.
എന്നാല്‍ പണം ആവശ്യപ്പെട്ട് പലിശക്കാര്‍ ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെടാൻ രാജാഭായ് തീരുമാനിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പലിശക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാജാഭായിയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച് പൊലീസിന് ഇയാള്‍ ശ്രീലങ്കയില്‍ പോയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാജാഭായിയെ പരിശോധനക്ക് വിധേയനാക്കിയ ശേഷം കിഡ്‌നി വിറ്റിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിക്കുമെന്നും പൊലീസ് അറിയിച്ചു.