ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ പ്രകോപനവും തുടര്‍ന്നുണ്ടായ വെടിവെയ്പ്പും അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ്. ഇന്നു നടക്കുന്ന ഉന്നത തലയോഗത്തില്‍ ഷാന്‍ഹായ് സമ്മേളനത്തിലെ പ്രതിരോധ മന്ത്രിമാരുടേയും വിദേശകാര്യ മന്ത്രിമാരുടേയും യോഗത്തിന് ശേഷം ചൈന തുടരുന്ന പ്രകോപനങ്ങള്‍ വിലയിരുത്തും. ഭരണരംഗത്തും സൈനിക രംഗത്തുമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. പ്രതിരോധ വകുപ്പിന്‍റെയും വിദേശകാര്യവകുപ്പിന്‍റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മൂന്ന് സൈനിക മേധാവികളും അടിയന്തരസാഹചര്യം അവലോകനം ചെയ്യാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി അവലോകനം ചെയ്യും.
ലഡാക്കിന് പുറമേ ഭൂട്ടാനിലെ ദോക് ലാം മേഖലയിലും ചൈന അടുത്തിടെ നടത്തിയ കടന്നുകയറ്റം ഇന്ത്യ വിലയിരുത്തും. കോര്‍പ്‌സ് കമാന്‍റര്‍ തല ചര്‍ച്ചകളിലെ ധാരണകളൊന്നും ചൈന പാലിച്ചിട്ടില്ല. ചൈനയുടെ മെല്ലെപോക്ക് നയത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഫിംഗര്‍ ഫോറിന് ഇപ്പുറത്തേയ്ക്കുള്ള ചൈനയുടെ സാന്നിദ്ധ്യം തികച്ചു പ്രകോപനപരമായി മാറിയതിന് ഇന്ത്യന്‍ സൈന്യം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഡാക്കിലെ അതിശൈത്യത്തില്‍ സൈനികരെ പിന്‍വലിക്കാറുള്ള മേഖലകളില്‍ 45000 സൈനികരെ എത്തിച്ചുകൊണ്ട് വലിയ മുന്നൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.