ന്യൂഡൽഹി: മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ വിമർശനാത്മക പരാമർശങ്ങൾ നടത്തരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് മുതിർന്ന പാർട്ടി നേതാവുമായി സച്ചിൻ പൈലറ്റ് വ്യാഴാഴ്ച സംസാരിച്ചതായും റിപ്പോർട്ടുണ്ട്. തിരിച്ചുവരവിനെ കുറിച്ച് പൈലറ്റ് ക്യാമ്പിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, കോൺഗ്രസ് പാർട്ടിയുടെ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് പൈലറ്റിനോട് മുതിർന്ന കോൺഗ്രസ് നേതാവ് അറിയിച്ചതായാണ് സൂചന.
ഈ അധ്യായം മറക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാണെന്നും മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തിന് തുല്യമായ ബഹുമാനം ലഭിക്കുമെന്നും പൈലറ്റിനെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി ജയ്‌പൂരിലെത്തിയ കോൺഗ്രസ് ചീഫ് വക്താവ് രൺദീപ് സുർജേവാല അശോക് ഗെലോട്ടുമായി സംസാരിച്ചു. മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിക്ക് എതിരായി പരസ്യ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റ് മടങ്ങിവരണമെന്ന് പാർട്ടി നേതാക്കൾ ഇപ്പോഴും ആഗ്രഹിക്കുന്നതായും രൺദീപ് സുർജേവാല പറഞ്ഞു.
ബിജെപിയുടെ പദ്ധതിയുടെ ഭാഗമായി എംഎൽഎമാരുടെ കുതിരക്കച്ചവടത്തിൽ ഏർപ്പെട്ടുവെന്നും സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് ഗെലോട്ട് ബുധനാഴ്ച പൈലറ്റിനെ പരസ്യമായി വിമർശിച്ചിരുന്നു. താൻ പൈലറ്റിന് എതിരല്ലെന്ന് ഗെലോട്ട് പറഞ്ഞെന്നും എന്നാൽ പൈലറ്റ് ആദ്യം ബിജെപിയുടെ ആതിഥ്യം വിട്ട് നിരുപാധികമായി മടങ്ങിവരണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടതായാണ് സൂചന. താൻ ബിജെപിയിൽ ചേരുന്നില്ലെന്ന് പൈലറ്റ് ബുധനാഴ്ച പ്രഖ്യാപിച്ചതിന് ശേഷം, ബിജെപിയുമായുള്ള സാഹോദര്യം അവസാനിപ്പിക്കാനും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ ആതിഥ്യം ഉപേക്ഷിക്കാനും കോൺഗ്രസ് നേതൃത്വം സച്ചിൻ പൈലറ്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗെലോട്ടിനെതിരെ കലാപം നടത്തിയതിനെത്തുടർന്ന് പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന പാർട്ടി പ്രസിഡന്‍റ് സ്ഥാനവും കോൺഗ്രസ് നീക്കം ചെയ്തിരുന്നു. രണ്ട് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ പാർട്ടി വിപ്പ് ധിക്കരിച്ചതിനെത്തുടർന്ന് രാജസ്ഥാൻ സ്പീക്കർ അദ്ദേഹത്തിനും മറ്റ് 18 എംഎൽഎമാർക്കും അയോഗ്യത നോട്ടീസ് അയച്ചു. അതിനിടെ, സംസ്ഥാന നിയമസഭയിൽ നിന്ന് അയോഗ്യരാക്കാനുള്ള നോട്ടീസുകൾ ചോദ്യം ചെയ്ത് പൈലറ്റും വിമത നേതാക്കളും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.