ചണ്ഡിഗഡ്: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഏഴ് വർഷം വരെ തടവ് ലഭിച്ച കുറ്റവാളികളെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കാനൊരുങ്ങി ഹരിയാന സർക്കാർ. ജയിലിൽ കഴിയുന്നവരിൽ കൊവിഡ് പകരാതിരിക്കാനാണ് നടപടിയെന്ന് മന്ത്രി രഞ്ജിത് സിംഗ് ചൗതാല പറഞ്ഞു. തടവുകാരെ വിട്ടയക്കുന്നതിന് മുമ്പ്, ജയിലിലെ ഇവരുടെ പെരുമാറ്റത്തെക്കുറിച്ച് പഠനം നടത്തുമെന്നും ഇവർ മറ്റ് കേസുകളിൽ വിചാരണ നേരിടുന്നവരല്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ, മയക്കുമരുന്ന് കേസുമായി ബന്ധമില്ലാത്തവർ, പോക്സോ കേസിൽ ഉൾപ്പെടാത്തവർ, സെക്ഷൻ 379-ബി, ആസിഡ് അറ്റാക്ക്, പീഡനം തുടങ്ങിയവയിൽ ശിക്ഷ അനുഭവിക്കുന്നവർക്കൊഴികെ 65 വയസിന് മുകളിൽ പ്രായമായ തടവുകാർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും രഞ്ജിത് സിംഗ് ചൗതാല വ്യക്തമാക്കി.
കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് ഒഴിവാക്കാനുള്ള സുപ്രിംകോടതി നിർദേശ പ്രകാരമാണ് തടവുകാരെ ജാമ്യത്തിലെ പരോളിലോ വിട്ടയക്കുന്നത്. 45 മുതൽ 60 ദിവസം വരെയാണ് ജാമ്യം അനുവദിക്കുക. നിലവിൽ പരോൾ അനുവദിച്ച തടവുകാർക്ക് നാല് ആഴ്ചത്തെ പ്രത്യേക പരോൾ അനുവദിക്കാനും തീരുമാനമായി. ജസ്റ്റിസ് രാജീവ് ശർമയുടെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിംഗിലൂടെയാണ് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം എടുത്തത്.