ചെന്നൈ: ലോക്‌ഡൗൺ നടപ്പാക്കാനായി ഡ്യൂട്ടിയിലായിരിക്കുമ്പോൾ 33കാരനായ പൊലീസ് കോൺസ്റ്റബിൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. അരുൺ ഗാന്ധിയാണ് മരിച്ചത്. മൈലാപ്പൂർ ട്രാഫിക് പൊലീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അരുൺ ഗാന്ധി ബുധനാഴ്ച ലോക്‌ഡൗൺ നടപ്പാക്കാനായി ഫോറഷോർ എസ്റ്റേറ്റിലായിരുന്നു ഡ്യൂട്ടി. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസുകാർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർ മരിക്കുകയാണെങ്കിൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്‍റെ ബന്ധുവിന് 10 ലക്ഷം രൂപയും കുടുംബാംഗങ്ങളിലൊരാൾക്ക് സർക്കാർ ജോലിക്കും അദ്ദേഹം ഉത്തരവിട്ടു. വൈറസിനെതിരായ പോരാട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരുടെ അശ്രാന്തമായ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.