ചെന്നൈ: തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴഗന് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ മുന്‍കരുതലെന്നോണം അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരുന്നുവെന്ന് എംഐഒടി ഇന്‍റര്‍നാഷണല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവായി. ജൂണ്‍ 29 ന് ചെറിയ ചുമയുമായാണ് മന്ത്രി ചികിത്സക്കെത്തിയത്. നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്‌ട്രോണിക്‌സ്, സയന്‍സ് ആന്‍റ് ടെക്‌നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് കെ.പി അന്‍പഴഗന്‍.
തമിഴ്‌നാട്ടില്‍ ഇന്ന് 3943 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചരുടെ എണ്ണം 90,167 ആയി. നിലവില്‍ 38,892 പേരാണ് ചികിത്സയില്‍ തുടരുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 1201 പേരാണ് കൊവിഡ് മൂലം മരിച്ചത്.