ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം 2020 ൽ നിർദേശിച്ച കേന്ദ്രത്തിന്‍റെ ത്രിഭാഷാ പദ്ധതി തള്ളി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് പിന്തുടരുന്ന ദ്വിഭാഷാ നയത്തിൽ നിന്ന് വ്യതിചലനമുണ്ടാകില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. എൻഇപിയിലെ ത്രിഭാഷാ ഫോർമുലയുടെ നിർദേശത്തിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി. ദ്വിഭാഷ നയം (തമിഴ്, ഇംഗ്ലീഷ്) സംസ്ഥാനം പതിറ്റാണ്ടുകളായി പിന്തുടരുകയാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കുക, ബോർഡ് പരീക്ഷകളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയത്തിലെ പരിഷ്കാരങ്ങൾ. 360 ഡിഗ്രി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുപയോഗിച്ച് മൂല്യനിർണ്ണയ പരിഷ്കാരങ്ങൾ, പഠന ഫലങ്ങൾ നേടുന്നതിനായി വിദ്യാർഥികളുടെ പ്രാപ്തി ട്രാക്കുചെയ്യൽ, ക്രെഡിറ്റുകൾ കൈമാറാൻ സഹായിക്കുന്നതിന് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റുകൾ സൃഷ്ടിക്കൽ എന്നിവയ്ക്ക് എൻഇപി ഊന്നൽ നൽകുന്നു.