ചെന്നൈ: സംസ്ഥാനത്ത് 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒക്‌ടോബർ ഒന്ന് മുതൽ നടപടിക്രമങ്ങൾ പാലിച്ച് സ്‌കൂളുകളിൽ എത്താമെന്ന് സംസ്ഥാന സർക്കാർ. ഒരു ക്ലാസിനെ രണ്ടായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ പ്രവർത്തിപ്പിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. അൺലോക്ക് നാല് പ്രകാരമാണ് സംസ്ഥാന സർക്കാർ അധ്യയനം പുനരാരംഭിക്കാനൊരുങ്ങുന്നത്. അതേ സമയം കണ്ടെയ്‌ൻമെന്‍റ് സോണുകളിലെ സ്‌കൂളുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല. സ്‌കൂളുകളിലെ 50 ശതമാനം അധ്യാപകർക്ക് മാത്രമേ സ്‌കൂളുകളിലെത്തി വിദ്യാർഥികളെ പഠിപ്പിക്കാനാകൂ.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമ്മതത്തോടെ മാത്രമേ വിദ്യാർഥികൾക്ക് സ്‌കൂളുകളിലേക്ക് വരാൻ കഴിയുകയുള്ളു. സ്‌കൂളുകളിൽ നടക്കുന്ന അസംബ്ലികൾ, സ്‌പോർട്‌സ് മീറ്റുകൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് തീരുമാനം.