ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥർക്ക് പുറമെ വീഡിയോ കോൺഫറൻസ് വഴി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഇന്ന് രാവിലയോടെ വീണ്ടും ഉയർന്നു. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലും നോയിഡയിലും ചൊവ്വാഴ്ച വരെ സ്‌കൂളുകൾ അടച്ചിട്ടു. ഡല്‍ഹിയിലെ കനത്ത പുകമഞ്ഞിനെ തുടർന്ന് 37 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.