അമരാവതി: സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത നഗരമാവാനൊരുങ്ങുകയാണ് തിരുപ്പതി. ആന്ധ്രാപ്രദേശിന്‍റെ തീര്‍ഥാടന നഗരമായ തിരുപ്പതി പ്ലാസ്റ്റിക് വിപത്തിനെതിരെ പോരാടുകയാണ്. 3.5 ലക്ഷമാണ് തിരുപ്പതിയിലെ ജനസംഖ്യ. അതിനു പുറമേ ദിവസേന ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് തിരുപ്പതിയിലെത്തുന്നത്. അതിനാല്‍ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരത്തില്‍ കുമിഞ്ഞു കൂടിയിരുന്നു. നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനായി കോര്‍പ്പറേഷന്‍ സംയോജിത പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
2018 ഒക്‌ടോബര്‍ 2ന് നഗരത്തില്‍ പ്ലാസ്റ്റിക് നിരോധിച്ച് കോര്‍പ്പറേഷന്‍ ഉത്തരവിറക്കി. ഒപ്പം സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും പ്ലാസ്റ്റിക് വിപത്തിനെതിരെ ബോധവല്‍കരണ ക്ലാസുകളും റാലികളും സംവാദങ്ങളും സംഘടിപ്പിച്ചു. 'പ്ലാസ്റ്റിക് ബഹിഷ്‌കരണ ജയഭേരി' എന്ന് പേരിട്ട യഞ്ജം വന്‍ വിജയമായിരുന്നു. ജനങ്ങള്‍ സ്വമേധയാ പ്ലാസ്റ്റിക് ബാഗുകള്‍ റീസൈക്കിളിങ് കേന്ദ്രങ്ങളില്‍ എത്തിച്ചു തുടങ്ങി.
പ്ലാസ്റ്റിക്കിന് പകരമായി പേപ്പറുകളും തുണികളും ഫൈബറുകളും ഉപയോഗിച്ച് സ്വാശ്രയ വനിതാസംഘങ്ങള്‍ ബാഗുകള്‍ നിര്‍മിച്ചു. നഗരത്തിലെങ്ങും തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു. പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കാന്‍ ഭിന്നശേഷിക്കാരായ ആളുകളെ പ്രത്യേകം പരിശീലിപ്പിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദം കൗണ്ടറുകള്‍ വഴി ഈ പേപ്പര്‍ ബാഗുകളും തുണി സഞ്ചികളും വിറ്റഴിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്തരമൊരു മുന്നേറ്റം നടത്തുന്ന തിരുപ്പതി നഗരത്തെ അംഗീകാരങ്ങള്‍ തേടിയെത്തുകയാണ്.