ന്യൂഡല്‍ഹി: വാക്‌സിനുകള്‍ വികസിപ്പിക്കാത്തിടത്തോളം സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്‌മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോജ്‌ഗര്‍ അഭിയാന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ടെന്നും ലോകം മുഴുവന്‍ ഒരേ പ്രശ്‌നം അനുഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ട് പോലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ബാധിക്കുകയും എല്ലാവരും ദുരിതമനുഭവിക്കുകയും ചെയ്‌തുവെന്നും കൊവിഡില്‍ നിന്ന് എപ്പോള്‍ മുക്തി നേടുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി ചെയ്യുന്നതിന്‍റെ ഊര്‍ജം തനിക്കറിയാമെന്നും പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ റോജ്‌ഗര്‍ അഭിയാന്‍ ഈ പ്രവര്‍ത്തന ശക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ആത്‌മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോജ്‌ഗര്‍ അഭിയാന് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിനെ പോലെ മറ്റു സംസ്ഥാനങ്ങളും ഇതു പോലുള്ള പദ്ധതികള്‍ ആരംഭിക്കുമെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്കിടയിലും ഉത്തര്‍പ്രദേശ് ധൈര്യം പ്രകടിപ്പിച്ചെന്നും കൊവിഡിനെതിരെ സംസ്ഥാനം പോരാടുകയും സാഹചര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്‌തുവെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തില്‍ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. ഈ പദ്ധതിയിലൂടെ 1.25 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.