രാജ്യത്ത് ഭാഗികമായി വിലക്കേര്‍പ്പെടുത്തിയ ചൈനീസ് വിഡിയോ ആപ്പ് ആയ ടിക് ടോകിന് ദിവസവും കോടികളുടെ നഷ്ടം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്ത ടിക് ടോകിന് ഇന്ത്യയിൽ ദിനംപ്രതി അഞ്ചു ലക്ഷം ഡോളറിന്‍റെ (ഏകദേശം 3.5 കോടി രൂപ) നഷ്ടമാണ് സംഭവിക്കുന്നത്. ഇതോടെ ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാൻസിന്‍റെ 250 ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലാണ്.
ലിപ് സിങ്ക് വീഡിയോകള്‍ പകര്‍ത്തി പങ്കുവെക്കുന്ന മ്യൂസിക്കലി ആപ്പിനെ ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയാണ് ടിക് ടോക്ക് ഇന്ത്യയിലെത്തുന്നത്. പിന്നീട് ആപ്പ് വലിയ തോതില്‍ പ്രചാരത്തിലെത്തുകയും പ്ലേസ്റ്റോറില്‍ ട്രെന്‍റിംങ് ലിസ്റ്റില്‍ ഇടം കണ്ടെത്തുകയും ചെയ്തു. സാംസ്‌കാരിക മൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതി രാജ്യത്ത് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇന്ത്യയിൽ നിരോധനം വന്നതോടെ ഓരോ ദിവസവും പത്ത് ലക്ഷം ഡൗൺലോഡ് ആണ് ടിക് ടോകിന് നഷ്ടപ്പെടുന്നത്. ആപ്പിനെതിരെ വാർത്ത വന്നതോടെ നിരവധി പേർ ഫോണിൽ നിന്ന് ടിക് ടോക് നീക്കം ചെയ്യുന്നുണ്ട്. ഇതും കമ്പനിക്ക് വൻ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയാളുകളും ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സര്‍വ്വേകളില്‍ നിന്നും വ്യക്തമാകുന്നത്.